Thursday, December 25, 2014

ക്രിസ്തുമസ്സ് ആശംസകൾ - 2014


ഇന്ന്‌ ഡിസംബർ 25. ക്രിസ്‌മസ് ദിനം.

ലോകം മുഴുവൻ ക്രിസ്തുമസ്സിന്റെ ആഹ്ലാദ നിറവിൽ അഭിരമിക്കുന്ന സുദിനം.

ക്രിസ്തു ജനിച്ചത് ബെത്‌ലേഹമിലെ ഒരു കാലിത്തൊഴുത്തിലാണ്. വിനയത്തിന്റേയും ത്യാഗത്തിന്റേയും ഉദാത്ത മാതൃക മനുഷ്യരാശിക്ക്‌ നൽകിക്കൊണ്ടാണ് ഉണ്ണിയേശു കാലിത്തൊഴുത്തിൽ ഭൂജാതനായത്‌.

ആ സന്ദേശം നമ്മുടെ ജീവിതത്തിൽ പ്രായോഗികമാക്കുവാൻ നമുക്കു് ശ്രമിക്കാം.

ഏവർക്കും ക്രിസ്തുമസ്സിന്റെ (2014) ഹൃദ്യമായ ആശംസകൾ!!!


Sunday, May 11, 2014

അമ്മ

ഇന്ന് മാതൃദിനമായി ലോകം ആചരിക്കുന്നു.
വർഷങ്ങൾക്കുമുൻപ്, ബോംബെ മലയാള നാടകവേദിയിൽ പ്രവർത്തിക്കുമ്പോൾ എഴുതിയ ഒരു നാടക ഗാനം ഇവിടെ പുനഃരവതരിപ്പിക്കുന്നു, ലോകത്തിലെ എല്ലാ അമ്മമാർക്കും വേണ്ടി.

അമ്മ.....അമ്മ....
ജന്മപഥങ്ങളിലൂടെ.....
നമ്മെ നയിക്കുമനശ്വര ശക്തി
താരാപഥങ്ങളോളം
നമ്മെയുയർത്തും സൌവ്വർണ്ണജ്യോതി.... (അമ്മ.....അമ്മ....)

പൊന്നിൽ പൊതിഞ്ഞും പട്ടിൽ പൊതിഞ്ഞും
അങ്കതലത്തിലിരുത്തിയിളം മെയ്യിൽ
അമൃത ചുംബന വർഷം ചൊരിഞ്ഞും
അംബരമേടയിൽ കത്തിജ്വലിക്കും പോൽ
മറ്റൊരു വൈഢൂര്യ കുഡ്മളമാകാൻ
കൈ വളരുന്നോ കാൽ വളരുന്നോ-
യെന്നന്തരംഗത്തിൽ തപിച്ചുരുകും.... (അമ്മ.....അമ്മ....)

അക്ഷൌഹിണിപ്പടയിളകി വന്നാ‍ലും
ഇക്ഷിതി കീഴ്‌മേൽ മറിഞ്ഞാലും
അക്ഷയ സ്നേഹത്തിൻ ഗോപുരക്കെട്ടിന്റെ
അക്ഷോഭ്യസങ്കേതമായ് ഭവിക്കും...(അമ്മ.....അമ്മ....)

ഗാനരചന : സി.എ. ജോസ്
നാടകം : ശാപരശ്മി
സംഗീതം : കെ.ജെ.കുരുവിള
ആലാപനം: നാരായണൻ
നാടക സംവിധാനം: അന്തപ്പൻ.

[കുറിപ്പ്‌ : ഈ ലേഖനം ഫേസ് ബുക്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പിൽക്കാലത്ത്‌ മലയാള സിനിമയിലും, ടി.വി.സീരിയലുകളിലും അഭിനയിച്ച്‌ പ്രശസ്തയായ ശ്രീമതി വത്സലാമേനോൻ അവതരിപ്പിച്ച കഥാപാത്രത്തിനുവേണ്ടിയായിരുന്നു ഈ ഗാനം. മരണത്തിനുമുൻപ് സ്വന്തം അമ്മയെ ഒരു നോക്ക്‌ കാണാൻ കഴിയാത്തതിലുള്ള ദുഃഖം, സ്വന്തം കുഞ്ഞ് എവിടെയാണെന്നറിയാതെ നൊമ്പരപ്പെടുന്ന ഒരമ്മയുടെ മനോവ്യഥ; എല്ലാം വളരെ തന്മത്വത്തോടെ വത്സലാമേനോൻ ആവിഷ്ക്കരിച്ചു. പ്രസ്തുത കഥാപാത്രത്തിന്റെ ഭർത്താവായി ക്യാപ്റ്റൻ രാജുവും മികച്ച അഭിനയം കാഴ്ച്ചവെച്ചു.]

Friday, February 21, 2014

ഇന്ന്‌ ലോകമാതൃഭാഷാ ദിനം


ഇന്ന്‌ ലോകമാതൃഭാഷാ ദിനമായി ലോകം ആചരിക്കുന്നു. മാതൃഭാഷ ഏവർക്കും ഏറെ പ്രിയങ്കരമായ ആശയ വിനിമയ സംവിധാനമാണ്. എല്ലാവർക്കും തങ്ങളുടെ മാതൃഭാഷയോട്‌ അളവറ്റ സ്നേഹാദരങ്ങൾ ഉണ്ടായിരിക്കുക സ്വാഭാവികം മാത്രം. മാതൃഭാഷയിൽ എഴുതുക, സംസാരിക്കുക എന്നത്‌ ഏറെ അഭികാമ്യമായ കാര്യമാണ്. നമ്മുടെ മാതൃഭാഷ മലയാളമാണ്. നാം മലയാളത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്ന്‌ നമുക്കല്ലേ അറിയൂ! മലയാളത്തിന്റെ മഹത്വം ലോകം മുഴുവൻ അറിയുവാൻ ഈ ലോകമാതൃഭാഷാ ദിനത്തിൽ നമുക്കു പങ്കുചേരാം.