Friday, December 25, 2015

ക്രിസ്തുമസ് - 2015

Happy Christmas-2015
Happy Christmas-2015


Happy Christmas-2015


ഇന്ന് 2015 ഡിസംബർ 25 വെള്ളിയാ‍ഴ്ച. സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും കരുണയുടേയും ഓർമ്മ ദിവസം. ലോകം മുഴുവൻ ഈ ദിവസം ആഹ്ലാദപൂർവം ആഘോഷിക്കുന്നു.

കേരളത്തിന്റെ മുക്കിലും മൂലയിലും അങ്ങിനെത്തന്നെ. സാന്താക്ലോസുമാരുടെ ഹൃദയാവർജ്ജക ഘോഷയാത്രകളും, കാരൾ സംഘങ്ങളുടെ ഗാനനിർഝരികളും കാണുമ്പോഴും കേൾക്കുമ്പോഴും നമ്മുടെ ഹൃദയങ്ങളിൽ നുരഞ്ഞുയരേണ്ടത്‌  സ്നേഹവും സാഹോദര്യവും കരുണയും പരസ്പര ബഹുമാനവും ഒക്കെത്തന്നെയ്യാണ്.

മനോഹരമായ ഒരു ലോകവ്യവസ്ഥിതിയ്ക്കുവേണ്ടി നമുക്കു നിലകൊള്ളാം.

ഏവർക്കും ക്രിസ്തുമസ് - 2015 ലെ സ്നേഹോഷ്മളമായ ആശംസകൾ.

Sunday, April 12, 2015

മധുരിക്കുന്ന ഓർമ്മകൾ…, ദുഃഖഭരിതവും.ലോകനാടക ദിനത്തോടനുബന്ധിച്ച് ഫേസ്ബുക്ക് പേജിൽ സുഹൃത്ത് ബാലാജി (Parameshwaran Balakrishnan) പോസ്റ്റ് ചെയ്ത ഫോട്ടോകളും കുറിപ്പുമാണ് ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്‌. സമാനമായ ഒരു പോസ്റ്റ് എന്റെ ഇംഗ്ലിഷ് ബ്ലോഗിലും കൊടുത്തിട്ടുണ്ട് (http://www.chukkiri.com/2015/04/old-sweet-memories-and-sad-too.html). നാല്പത് വർഷത്തോളം പഴക്കമുള്ള ഈ ഫോട്ടോകൾ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ മധുരിക്കുന്ന ഓർമ്മകളാണ് എനിക്കു് പ്രദാനം ചെയ്യുന്നത്‌; ഒപ്പം വേദനിപ്പിക്കുന്ന ചിന്തകളും.
മുകളിൽ കൊടുത്ത ലിങ്കിലെ ലേഖനത്തിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളതുകൊണ്ട് ആവർത്തിക്കുന്നില്ല ഇവിടെ. പ്രസ്തുത ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ “കാഹളം” നാടകത്തിനു വേണ്ടി ഞാൻ രചിച്ച രണ്ടു ഗാനങ്ങൾ താഴെ ചേർക്കുന്നു.

ഗാനം -1
സംഗീതവും ആലാപനവും : ശ്രീ. കെ.ജെ. കുരുവിള (Late.)

                        ആദിയിൽ ആദവും ഹവ്വയുമിതുപോലെ
                        ആലിംഗനത്തിൽ അമർന്നിരിക്കാം
                        ആ ദിവ്യരാഗത്തിൻ ആത്മാനുഭൂതികൾ
                        കാലത്തിൻ ശൃംഗലയായിരിക്കാം.                   (ആദിയിൽ)

                        സൂര്യനും ചന്ദ്രനും താരാഗണങ്ങളും
                        ഭൂമിയും സാക്ഷിയായ് നിന്നിരിക്കാം
                        സ്വർണ്ണസുഗന്ധങ്ങൾ നന്മകൾ നേരുവാൻ
                        സ്വർഗ്ഗവും താഴോട്ടു വന്നിരിക്കാം.                    (ആദിയിൽ)

                        അഗ്നി ജ്വലിപ്പിച്ചു അക്ഷികളിൽ
                        ദേവദൂതനും ദൈവവും വന്നിരിക്കാം
                        ആദിപിതാക്കൾ തൻ ആ രാഗവേദിയിൽ
                        ആ.., ചണ്ഡവാതമടിച്ചിരിക്കാം.                      (ആദിയിൽ)

ഗാനം – 2
സംഗീതവും ആലാപനവും : കെ.ജെ. കുരുവിള (Late.)
                    സതിയും…,
                    സീതയും,
                    ശീലാവതിയും,
                    സ്ത്രീയെന്ന ദുഃഖത്തിൻ മുഖങ്ങൾ,
                    പുരുഷാന്തരങ്ങൾ ഉരുവിട്ടുറപ്പിച്ച
                    സ്ത്രീയെന്ന ദുഃഖത്തിൻ മുഖങ്ങൾ…, മുഖങ്ങൾ      ( സതിയും…,)

                       ചേതനയിൽ ചെരാതു തെളിച്ച്
                   ചാവടിപ്പുരയിൽ നിന്നൂ
                      കാതരയായവൾ, കാമുകന്റെ
                      ആഗമനം കാത്തു നിന്നൂ......

                   അവൾ നിന്നൂ,
                   മോഹത്തിൻ ചാവടിപ്പുരയിൽ നിന്നൂ                      ( സതിയും…,)

                       ഘോഷക ഗർജ്ജനം കേട്ടുണർന്നൂ,
                   മാൺമിഴികളിൽ കോപം സ്ഫുരിച്ചൂ,
                   ഗോപികമാരുടെ നിരയിൽ നിന്നാദ്യമായ്
                   അഗ്നിനക്ഷത്രമുദിച്ചൂ ,
                   ഒരഗ്നിനക്ഷത്രമുദിച്ചൂ ,                                          ( സതിയും…,)

അനുബന്ധമായ് ചില നാടക ചിത്രങ്ങളും ചേർക്കുന്നു.
ente-puthukkad-sweet dreams
Kahalam-play

നാടകം: കാഹളം , രചന : ടി.എൽ. ജോസ്
ഇരിക്കുന്നവർ(ഇടത്തു നിന്ന് വലത്തോട്ട്) : വത്സല ബാലകൃഷ്ണൻ, രാജു.എം. ദേവദാസ്, ബാലാജി, വാ‍ാസു കാക്കനാട് (Late.), ശ്രീമതി. വത്സലാ മേനോൻ.

നിൽക്കുന്നവർ (ഇടത്തു നിന്ന് വലത്തോട്ട്) : (ആദ്യത്തെ ആളുടെ പേരറിയില്ല), ക്യാപ്റ്റൻ രാജു(Late.), ഭാസ്ക്കരൻ വെള്ളാമ്പറമ്പിൽ, വിശ്വനാഥൻ പള്ളൂർ, ബാബു വിഴിഞ്ഞം (Late.)


 നാടകം: വെള്ളപ്പൂച്ച, അഭിനേതാക്കൾ (ഇടത്തു നിന്ന് വലത്തോട്ട്) : ബാലാജി, സതീഷ് മേനോൻ, ---

നാടകം: ഗാണ്ഡീവം, അഭിനേതാക്കൾ (ഇടത്തു നിന്ന് വലത്തോട്ട്) : ബാലാജി, പുഷ്പ അംബർനാഥ്.


 നാടകം:വിശ്വദർശനം, അഭിനേതാക്കൾ (ഇടത്തു നിന്ന് വലത്തോട്ട്) : വത്സലാ ബാലകൃഷ്ണൻ, ബാലാജി

ചിത്രങ്ങൾ കടപ്പാട് : ബാലാജി (ഫേസ്ബുക്ക്): അനുവാദപ്രകാരം.

ലോക നാടകദിനത്തിന് അഭിവാദ്യങ്ങളോടെ.

Thursday, December 25, 2014

ക്രിസ്തുമസ്സ് ആശംസകൾ - 2014


ഇന്ന്‌ ഡിസംബർ 25. ക്രിസ്‌മസ് ദിനം.

ലോകം മുഴുവൻ ക്രിസ്തുമസ്സിന്റെ ആഹ്ലാദ നിറവിൽ അഭിരമിക്കുന്ന സുദിനം.

ക്രിസ്തു ജനിച്ചത് ബെത്‌ലേഹമിലെ ഒരു കാലിത്തൊഴുത്തിലാണ്. വിനയത്തിന്റേയും ത്യാഗത്തിന്റേയും ഉദാത്ത മാതൃക മനുഷ്യരാശിക്ക്‌ നൽകിക്കൊണ്ടാണ് ഉണ്ണിയേശു കാലിത്തൊഴുത്തിൽ ഭൂജാതനായത്‌.

ആ സന്ദേശം നമ്മുടെ ജീവിതത്തിൽ പ്രായോഗികമാക്കുവാൻ നമുക്കു് ശ്രമിക്കാം.

ഏവർക്കും ക്രിസ്തുമസ്സിന്റെ (2014) ഹൃദ്യമായ ആശംസകൾ!!!


Sunday, May 11, 2014

അമ്മ

ഇന്ന് മാതൃദിനമായി ലോകം ആചരിക്കുന്നു.
വർഷങ്ങൾക്കുമുൻപ്, ബോംബെ മലയാള നാടകവേദിയിൽ പ്രവർത്തിക്കുമ്പോൾ എഴുതിയ ഒരു നാടക ഗാനം ഇവിടെ പുനഃരവതരിപ്പിക്കുന്നു, ലോകത്തിലെ എല്ലാ അമ്മമാർക്കും വേണ്ടി.

അമ്മ.....അമ്മ....
ജന്മപഥങ്ങളിലൂടെ.....
നമ്മെ നയിക്കുമനശ്വര ശക്തി
താരാപഥങ്ങളോളം
നമ്മെയുയർത്തും സൌവ്വർണ്ണജ്യോതി.... (അമ്മ.....അമ്മ....)

പൊന്നിൽ പൊതിഞ്ഞും പട്ടിൽ പൊതിഞ്ഞും
അങ്കതലത്തിലിരുത്തിയിളം മെയ്യിൽ
അമൃത ചുംബന വർഷം ചൊരിഞ്ഞും
അംബരമേടയിൽ കത്തിജ്വലിക്കും പോൽ
മറ്റൊരു വൈഢൂര്യ കുഡ്മളമാകാൻ
കൈ വളരുന്നോ കാൽ വളരുന്നോ-
യെന്നന്തരംഗത്തിൽ തപിച്ചുരുകും.... (അമ്മ.....അമ്മ....)

അക്ഷൌഹിണിപ്പടയിളകി വന്നാ‍ലും
ഇക്ഷിതി കീഴ്‌മേൽ മറിഞ്ഞാലും
അക്ഷയ സ്നേഹത്തിൻ ഗോപുരക്കെട്ടിന്റെ
അക്ഷോഭ്യസങ്കേതമായ് ഭവിക്കും...(അമ്മ.....അമ്മ....)

ഗാനരചന : സി.എ. ജോസ്
നാടകം : ശാപരശ്മി
സംഗീതം : കെ.ജെ.കുരുവിള
ആലാപനം: നാരായണൻ
നാടക സംവിധാനം: അന്തപ്പൻ.

[കുറിപ്പ്‌ : ഈ ലേഖനം ഫേസ് ബുക്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പിൽക്കാലത്ത്‌ മലയാള സിനിമയിലും, ടി.വി.സീരിയലുകളിലും അഭിനയിച്ച്‌ പ്രശസ്തയായ ശ്രീമതി വത്സലാമേനോൻ അവതരിപ്പിച്ച കഥാപാത്രത്തിനുവേണ്ടിയായിരുന്നു ഈ ഗാനം. മരണത്തിനുമുൻപ് സ്വന്തം അമ്മയെ ഒരു നോക്ക്‌ കാണാൻ കഴിയാത്തതിലുള്ള ദുഃഖം, സ്വന്തം കുഞ്ഞ് എവിടെയാണെന്നറിയാതെ നൊമ്പരപ്പെടുന്ന ഒരമ്മയുടെ മനോവ്യഥ; എല്ലാം വളരെ തന്മത്വത്തോടെ വത്സലാമേനോൻ ആവിഷ്ക്കരിച്ചു. പ്രസ്തുത കഥാപാത്രത്തിന്റെ ഭർത്താവായി ക്യാപ്റ്റൻ രാജുവും മികച്ച അഭിനയം കാഴ്ച്ചവെച്ചു.]

Friday, February 21, 2014

ഇന്ന്‌ ലോകമാതൃഭാഷാ ദിനം


ഇന്ന്‌ ലോകമാതൃഭാഷാ ദിനമായി ലോകം ആചരിക്കുന്നു. മാതൃഭാഷ ഏവർക്കും ഏറെ പ്രിയങ്കരമായ ആശയ വിനിമയ സംവിധാനമാണ്. എല്ലാവർക്കും തങ്ങളുടെ മാതൃഭാഷയോട്‌ അളവറ്റ സ്നേഹാദരങ്ങൾ ഉണ്ടായിരിക്കുക സ്വാഭാവികം മാത്രം. മാതൃഭാഷയിൽ എഴുതുക, സംസാരിക്കുക എന്നത്‌ ഏറെ അഭികാമ്യമായ കാര്യമാണ്. നമ്മുടെ മാതൃഭാഷ മലയാളമാണ്. നാം മലയാളത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്ന്‌ നമുക്കല്ലേ അറിയൂ! മലയാളത്തിന്റെ മഹത്വം ലോകം മുഴുവൻ അറിയുവാൻ ഈ ലോകമാതൃഭാഷാ ദിനത്തിൽ നമുക്കു പങ്കുചേരാം.

Wednesday, December 25, 2013

ഏവർക്കും ക്രിസ്തുമസ് ആശംസകൾ - 2013

ഏവർക്കും 2013 ലെ ഹൃദ്യമായ ക്രിസ്തുമസ് ആശംസകൾ...!
ക്രിസ്തുമസ് സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശമാണ് നമുക്കു നൽകുന്നത്‌.
വിനയത്തിന്റേയും വിധേയത്തത്തിന്റേയും മഹത്വം വിളിച്ചറിയിക്കുന്നു.
നന്മയുടെ ഒരു ലോകം പടുത്തുയർത്താൻ ക്രിസ്തുമസ്സിന്റെ സന്ദേശം നമുക്കു് ഉപകരിക്കട്ടെ.

Thursday, November 14, 2013

നവംബർ 14 - ശിശുദിനം - ചാച്ചാനെഹ്രുവിന്റെ ജന്മദിനം

ഇന്ന്‌ 2013 നവംബർ 14.
ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയുടെ ജന്മദിനം. ഈ ദിനം ശിശുദിനമായി ആഘോഷിക്കുന്നു. കുഞ്ഞുങ്ങൾ ചാച്ചാജിക്ക്‌ പ്രിയങ്കരരായിരുന്നു. ഇന്ത്യൻ ജനതയ്ക്ക്‌ ജവഹർലാൽ നെഹ്രുവും ഏറെ പ്രിയമുള്ള നേതാവയിരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ!!!

നാട്ടിൽ എവിടെയും കുഞ്ഞുങ്ങൾ ചാച്ചാ നെഹ്രുവിന്റെ വേഷം ധരിച്ച്‌ റാലിയും പ്രകടനങ്ങളും നടത്തി. ശിശുദിനം ഭംഗിയായി ആഘോഷിച്ചു.
ജൊസെയിൻ ഡിനോജ്‌ പഴയാറ്റിൽ (josechukkiri's Grand Son)
ജൊസെയിനും കൂട്ടുകരും ചാച്ചാ നെഹ്രുവിന്റെ വേഷത്തിൽ.