ലോകനാടക ദിനത്തോടനുബന്ധിച്ച്
ഫേസ്ബുക്ക് പേജിൽ സുഹൃത്ത് ബാലാജി (Parameshwaran
Balakrishnan) പോസ്റ്റ് ചെയ്ത ഫോട്ടോകളും
കുറിപ്പുമാണ് ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. സമാനമായ ഒരു പോസ്റ്റ് എന്റെ ഇംഗ്ലിഷ്
ബ്ലോഗിലും കൊടുത്തിട്ടുണ്ട് (http://www.chukkiri.com/2015/04/old-sweet-memories-and-sad-too.html).
നാല്പത് വർഷത്തോളം പഴക്കമുള്ള ഈ ഫോട്ടോകൾ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ മധുരിക്കുന്ന
ഓർമ്മകളാണ് എനിക്കു് പ്രദാനം ചെയ്യുന്നത്; ഒപ്പം വേദനിപ്പിക്കുന്ന ചിന്തകളും.
മുകളിൽ കൊടുത്ത ലിങ്കിലെ
ലേഖനത്തിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളതുകൊണ്ട് ആവർത്തിക്കുന്നില്ല ഇവിടെ. പ്രസ്തുത
ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ “കാഹളം” നാടകത്തിനു വേണ്ടി ഞാൻ രചിച്ച രണ്ടു ഗാനങ്ങൾ
താഴെ ചേർക്കുന്നു.
ഗാനം -1
സംഗീതവും ആലാപനവും : ശ്രീ.
കെ.ജെ. കുരുവിള (Late.)
ആദിയിൽ ആദവും ഹവ്വയുമിതുപോലെ
ആലിംഗനത്തിൽ അമർന്നിരിക്കാം
ആ ദിവ്യരാഗത്തിൻ ആത്മാനുഭൂതികൾ
കാലത്തിൻ ശൃംഗലയായിരിക്കാം. (ആദിയിൽ…)
സൂര്യനും ചന്ദ്രനും താരാഗണങ്ങളും
ഭൂമിയും സാക്ഷിയായ് നിന്നിരിക്കാം
സ്വർണ്ണസുഗന്ധങ്ങൾ നന്മകൾ
നേരുവാൻ
സ്വർഗ്ഗവും താഴോട്ടു വന്നിരിക്കാം. (ആദിയിൽ…)
അഗ്നി ജ്വലിപ്പിച്ചു അക്ഷികളിൽ
ദേവദൂതനും ദൈവവും വന്നിരിക്കാം
ആദിപിതാക്കൾ തൻ ആ രാഗവേദിയിൽ
ആ.., ചണ്ഡവാതമടിച്ചിരിക്കാം. (ആദിയിൽ…)
ഗാനം – 2
സംഗീതവും ആലാപനവും : കെ.ജെ.
കുരുവിള (Late.)
സതിയും…,
സീതയും…,
ശീലാവതിയും…,
സ്ത്രീയെന്ന ദുഃഖത്തിൻ മുഖങ്ങൾ…,
പുരുഷാന്തരങ്ങൾ ഉരുവിട്ടുറപ്പിച്ച
സ്ത്രീയെന്ന ദുഃഖത്തിൻ മുഖങ്ങൾ…, മുഖങ്ങൾ… (
സതിയും…,)
ചേതനയിൽ ചെരാതു തെളിച്ച്
ചാവടിപ്പുരയിൽ നിന്നൂ…
കാതരയായവൾ, കാമുകന്റെ
ആഗമനം കാത്തു നിന്നൂ......
അവൾ നിന്നൂ…,
മോഹത്തിൻ ചാവടിപ്പുരയിൽ നിന്നൂ… ( സതിയും…,)
ഘോഷക ഗർജ്ജനം കേട്ടുണർന്നൂ…,
മാൺമിഴികളിൽ കോപം സ്ഫുരിച്ചൂ…,
ഗോപികമാരുടെ നിരയിൽ നിന്നാദ്യമായ്
അഗ്നിനക്ഷത്രമുദിച്ചൂ …,
ഒരഗ്നിനക്ഷത്രമുദിച്ചൂ …, ( സതിയും…,)
അനുബന്ധമായ് ചില നാടക ചിത്രങ്ങളും ചേർക്കുന്നു.
|
Kahalam-play |
നാടകം: കാഹളം , രചന : ടി.എൽ. ജോസ്
ഇരിക്കുന്നവർ(ഇടത്തു നിന്ന് വലത്തോട്ട്) : വത്സല ബാലകൃഷ്ണൻ, രാജു.എം. ദേവദാസ്, ബാലാജി, വാാസു കാക്കനാട് (Late.), ശ്രീമതി. വത്സലാ മേനോൻ.
നിൽക്കുന്നവർ (ഇടത്തു നിന്ന് വലത്തോട്ട്) : (ആദ്യത്തെ ആളുടെ പേരറിയില്ല), ക്യാപ്റ്റൻ രാജു(Late.), ഭാസ്ക്കരൻ വെള്ളാമ്പറമ്പിൽ, വിശ്വനാഥൻ പള്ളൂർ, ബാബു വിഴിഞ്ഞം (Late.)
നാടകം: വെള്ളപ്പൂച്ച, അഭിനേതാക്കൾ (ഇടത്തു നിന്ന് വലത്തോട്ട്) : ബാലാജി, സതീഷ് മേനോൻ, ---
നാടകം: ഗാണ്ഡീവം, അഭിനേതാക്കൾ (ഇടത്തു നിന്ന് വലത്തോട്ട്) : ബാലാജി, പുഷ്പ അംബർനാഥ്.
നാടകം:വിശ്വദർശനം, അഭിനേതാക്കൾ (ഇടത്തു നിന്ന് വലത്തോട്ട്) : വത്സലാ ബാലകൃഷ്ണൻ, ബാലാജി
ചിത്രങ്ങൾ കടപ്പാട് : ബാലാജി (ഫേസ്ബുക്ക്): അനുവാദപ്രകാരം.
ലോക നാടകദിനത്തിന് അഭിവാദ്യങ്ങളോടെ.